
വത്തിക്കാന്‍ സിറ്റി: വെനസ്വേലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയിലും അമേരിക്കന്‍ ഇടപെടലിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും ഭരണഘടനാപരമായ നിയമവാഴ്ച ഉറപ്പാക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിലൂടെയും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
വ്യക്തികളുടെ പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അക്രമത്തിന്റെ പാത വെടിഞ്ഞ് നീതിയുടെയും സമാധാനത്തിന്റെയും വഴി സ്വീകരിക്കാന്‍ വൈകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വെനസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ രാഷ്ട്രീയ പരിഗണനകളേക്കാളും വലുതായിരിക്കണം. രാജ്യത്ത് സ്ഥിരതയും യോജിപ്പും നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെനസ്വേലയിലെ സമാധാനത്തിനായി കൊറോമോട്ടോയിലെ മാതാവിനോടും വിശുദ്ധരോടും പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
മുന്‍പും ഡൊണാള്‍ഡ് ട്രംപിന്റെ ചില വിദേശനയങ്ങളെ വിമര്‍ശിച്ചിട്ടുള്ള മാര്‍പാപ്പ, വെനസ്വേലയിലെ നിലവിലെ സാഹചര്യം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. നിക്കോളാസ് മഡുറോ അമേരിക്കന്‍ പിടിയിലായതിനെത്തുടര്‍ന്ന് വെനസ്വേലന്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രസിഡന്റിന്റെ ചുമതലയേറ്റ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം.