
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇടതുമുന്നണി ചേര്‍ത്തുപിടിക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്നറിയിപ്പ്. വെള്ളാപ്പള്ളിയുമായുള്ള ബന്ധം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും അദ്ദേഹവുമായുള്ള ഇടതുമുന്നണിയുടെ അടുപ്പവും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിനെതിരെ സംശയങ്ങള്‍ വളര്‍ത്താന്‍ കാരണമാകും. ഇത് മുന്നണിയുടെ ജനകീയ അടിത്തറയെ ബാധിക്കുമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. എസ്.എന്‍.ഡി.പി യോഗം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, നിലവില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ വിമര്‍ശിച്ചു. ഇത്തരം നേതാക്കളുമായുള്ള അമിത ചങ്ങാത്തം മുന്നണിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.