നയതന്ത്ര തര്‍ക്കം ഐപിഎല്ലിലേക്ക്; മുസ്തഫിസുറിനെ ഒഴിവാക്കി കെകെആര്‍, ബിസിസിഐ ഇടപെടല്‍

Jaihind News Bureau
Sunday, January 4, 2026

 

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം ഐപിഎല്‍ മൈതാനങ്ങളിലേക്കും പടരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ സ്റ്റാര്‍ പേസറായ മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ ബംഗ്ലദേശ് താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്യാന്‍ ബിസിസിഐ നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കൊല്‍ക്കത്ത മാനേജ്മെന്റിന്റെ ഈ അപ്രതീക്ഷിത നീക്കം.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ വന്‍ തുകയ്ക്കാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ രംഗത്തുണ്ടായിരുന്നെങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ 9.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത താരത്തെ ടീമിലെത്തിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

മുസ്തഫിസുറിനെ ഒഴിവാക്കിയതോടെ ടീമില്‍ വന്ന വിടവ് നികത്താന്‍ പകരക്കാരനായ ഒരു താരത്തെ കണ്ടെത്താന്‍ ബിസിസിഐ കൊല്‍ക്കത്തയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 26-ന് ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ടൂര്‍ണമെന്റിലെ താരങ്ങളുടെ സാന്നിധ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍.