ലക്ഷ്യം 2026: കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി റെഡി; മധുസൂദൻ മിസ്ത്രി ചെയർമാൻ; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

Jaihind News Bureau
Saturday, January 3, 2026

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനായി എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു. മധുസൂദൻ മിശ്രി ചെയർമാനായ കമ്മിറ്റിയിൽ സയ്യിദ് നസീർ ഹുസൈൻ, നീരജ് ദങ്കി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങൾ. കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ഹൈക്കമാൻഡ് കമ്മിറ്റികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ അസമിലെ കമ്മിറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് നയിക്കുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ ഇത്തവണ അതീവ ജാഗ്രതയിലാണ് കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഈ മാസം പകുതിയോടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി മാസാവസാനത്തോടെ പട്ടിക പുറത്തിറക്കാനാണ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചത് വലിയ ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു വേഗത്തിലുള്ള നീക്കം നടത്തുന്നത്.

സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗവും ഇത്തവണയും മത്സരരംഗത്തുണ്ടാകും. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരാൾ മത്സരിക്കാനില്ലെന്ന് നേരത്തെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് പകരം കരുത്തനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ട് ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.