
ടെഹ്റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയില്‍ നയതന്ത്ര യുദ്ധത്തിന് വഴിതുറക്കുന്നു. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാല്‍ അമേരിക്കയ്ക്ക് ഇടപെടേണ്ടി വരുമെന്ന ട്രംപിന്റെ വാക്കുകള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്.
ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ട്രംപിന് നേരിട്ട് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഇടപെടല്‍ മേഖലയില്‍ കൂടുതല്‍ അശാന്തിക്ക് കാരണമാകുമെന്നും ട്രംപ് സ്വന്തം സൈനികരുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ടയും വ്യാപാരികളുടെ ആവശ്യങ്ങളും രണ്ടായിത്തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ലാരിജാനി വ്യക്തമാക്കി.
ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും നിയന്ത്രണമില്ലാത്ത വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ടെഹ്റാനിലെ കടയുടമകള്‍ ആരംഭിച്ച പ്രതിഷേധം ആറ് ദിവസം പിന്നിടുമ്പോള്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. 2022-ന് ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. ഇതിനോടകം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സര്‍ക്കാരിനെതിരായ ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കുമ്പോള്‍, അന്താരാഷ്ട്ര തലത്തില്‍ ഈ വിഷയം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.