ശബരിമലയിലെ സ്വര്‍ണ്ണവും പൂജാവസ്തുക്കളും നയതന്ത്ര ചാനല്‍ വഴി കടത്തിയോ? കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

Jaihind News Bureau
Saturday, January 3, 2026

തിരുവനന്തപുരം: ശബരിമലയില്‍ നിന്നുള്ള സ്വര്‍ണ്ണവും വിലപിടിപ്പുള്ള പൂജാവസ്തുക്കളും നയതന്ത്ര പാഴ്‌സല്‍ വഴി വിദേശത്തേക്ക് കടത്തിയെന്ന സംശയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച അതേ ‘ഡിപ്ലോമാറ്റിക് ചാനല്‍’ വഴിയാണോ ഈ കടത്തും നടന്നതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

വിദേശത്തുനിന്ന് നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മാത്രമായിരുന്നു മുന്‍പ് അന്വേഷണം നടന്നത്. എന്നാല്‍, ഇതേ ചാനലിലൂടെ തിരികെ വിദേശത്തേക്ക് പോയ പാഴ്‌സലുകളില്‍ എന്തായിരുന്നു എന്നതില്‍ ഇന്നും വ്യക്തതയില്ല. ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കളും പൂജാവസ്തുക്കളും മോഷ്ടിച്ച് വിദേശത്തേക്ക് കടത്തുന്ന മാഫിയ കേരളത്തില്‍ സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നയതന്ത്ര പാഴ്‌സലുകളിലേക്ക് നീണ്ടത്.

സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ക്ക് ഈ നീക്കങ്ങളില്‍ പങ്കുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ ഒപ്പും സീലും നിര്‍ബന്ധമുള്ള നയതന്ത്ര ബാഗേജുകള്‍ പോലും പലപ്പോഴും പരിശോധനയില്ലാതെ ഗ്രീന്‍ ചാനല്‍ വഴി കടത്തിവിട്ടിരുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയില്ലാത്ത നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും അവര്‍ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ അയച്ചിരുന്നതായും മുന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കൃത്യമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം തുടങ്ങും.