‘വെള്ളാപ്പള്ളിയുടേത് ഹീനമായ വർഗീയത’;വിദ്വേഷ പ്രചരണത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒന്നാണെന്ന് വി.ഡി. സതീശൻ

Jaihind News Bureau
Friday, January 2, 2026

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്നത് ഹീനമായ വർഗീയ പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറി നടക്കുന്നവർ വർഗീയത പ്രസംഗിക്കുമ്പോൾ പിണറായി വിജയൻ അതിന് കുടപിടിച്ചു കൊടുക്കുകയാണ്. സംഘ്പരിവാർ നടത്തുന്ന അതേ വിദ്വേഷ പ്രചരണമാണ് സി.പി.എമ്മും ഇപ്പോൾ കേരളത്തിൽ പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐ നേതാക്കളെ പുറത്തുനിന്നുള്ളവരെക്കൊണ്ട് ചീത്തവിളിപ്പിക്കുന്നത് പിണറായി വിജയന്റെ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ എസ്.എൻ.ഡി.പിക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ പത്തുവർഷമായി ഭരിക്കുന്ന പിണറായി സർക്കാർ ഒന്നും നൽകിയില്ലെന്ന സത്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ല. ഇത്തരം വർഗീയ അധിക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി മൗനാനുവാദം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

 ആഗോള അയ്യപ്പസംഗമത്തിന്റെ പശ്ചാത്തലത്തിൽ, ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് അദ്ദേഹം വിമർശിച്ചു. കട്ടിളയിലെ ശിവരൂപം വരെ മോഷ്ടിച്ചവർ, കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെ. 2019 മുതൽ ശബരിമലയിൽ സർക്കാർ നടത്തിയ കളവുകളുടെയും മോഷണങ്ങളുടെയും പരമ്പരകൾ കേരളം തിരിച്ചറിയുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.