‘ജനങ്ങൾക്ക് നൽകിയത് കുടിവെള്ളമല്ല, വിഷം’; ഇൻഡോർ ദുരന്തത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Friday, January 2, 2026

ഇൻഡോറിലെ മലിനജല ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ജനങ്ങൾക്ക് കുടിവെള്ളത്തിന് പകരം സർക്കാർ വിതരണം ചെയ്തത് വിഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെക്കുറിച്ച് ജനങ്ങൾ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടിയെടുക്കാത്തത് ക്രൂരതയാണെന്ന് രാഹുൽ എക്സിൽ കുറിച്ചു. ജനങ്ങൾ ദുഃഖത്തിലാഴ്ന്നിരിക്കുമ്പോൾ ബിജെപി നേതാക്കൾ ധിക്കാരപരമായ പ്രസ്താവനകൾ നടത്തി അഹങ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വ്യാജ ചുമ സിറപ്പ് മൂലമുള്ള മരണങ്ങളും, സർക്കാർ ആശുപത്രികളിൽ എലികളുടെ ആക്രമണത്തിൽ കുട്ടികൾ മരിക്കുന്നതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ സർക്കാർ നിഷേധിക്കുകയാണെന്ന് പറഞ്ഞു. കുടിവെള്ളത്തിൽ എങ്ങനെ മലിനജലം കലർന്നു എന്നതിനും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയെടുക്കുമെന്നും രാഹുൽ ചോദിച്ചു. സാധാരണക്കാർ മരിച്ചുവീഴുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ മൗനത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.