
ലോകം പുതുവത്സര ലഹരിയിലായിരിക്കെ റഷ്യ-യുക്രെയ്ന് യുദ്ധഭൂമിയില്‍ ആക്രമണം ശക്തമാകുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്ന് പ്രദേശമായ ഖേഴ്സനിലെ ഖോര്ലി ഗ്രാമത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 24 പേര് കൊല്ലപ്പെട്ടു. 50-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
തീരദേശ ഗ്രാമമായ ഖോര്ലിയിലെ ഒരു ഹോട്ടലില്‍ പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനങ്ങള്‍ ഒത്തുകൂടിയ സ്ഥലത്തേക്ക് യുക്രെയ്ന് മനഃപൂര്‍വ്വം ഡ്രോണുകള്‍ അയക്കുകയായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. മൂന്ന് ഡ്രോണുകളാണ് ഹോട്ടല്‍ പരിസരത്ത് പതിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
ഇതേസമയം, പുതുവത്സര ദിനത്തില്‍ യുക്രെയ്നിലുടനീളം റഷ്യയും കടുത്ത ആക്രമണം അഴിച്ചുവിട്ടു. രാജ്യത്തെ ഊര്ജ്ജോല്പാദന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഇരുന്നൂറിലേറെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി അറിയിച്ചു.
ആറ് പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വോളിന്, ഒഡേസ, ചെര്‍ണിഹീവ് എന്നീ മേഖലകളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കഠിനമായ ശൈത്യകാലത്ത് വൈദ്യുതി നിലച്ചത് യുക്രെയ്ന് ജനതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും തുടരുന്നത് വലിയ രാജ്യാന്തര പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.