മന്നത്ത് പദ്മനാഭന്‍: കേരള നവോത്ഥാനത്തിന്റെ കര്‍മ്മയോഗി

Jaihind News Bureau
Friday, January 2, 2026

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമാണ് മന്നത്തു പദ്മനാഭന്റേത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്നുപോയ ഒരു ജനതയെ വെളിച്ചത്തിലേക്ക് നയിക്കുകയും, കേരള നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു അദ്ദേഹം. ‘ഭാരത കേസരി’ എന്ന പേരില്‍ ആദരിക്കപ്പെടുന്ന മന്നത്തു പദ്മനാഭന്റെ ജീവിതം വരുംതലമുറകള്‍ക്ക് എക്കാലവും വലിയൊരു പാഠപുസ്തകമാണ്.

1878 ജനുവരി 2-ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ ഈശ്വരന്‍ നമ്പൂതിരിയുടെയും പാര്‍വ്വതി അമ്മയുടെയും മകനായാണ് മന്നത്ത് പദ്മനാഭന്‍ ജനിച്ചത്. സാധാരണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായും പിന്നീട് അഭിഭാഷകനായും ജോലി ചെയ്തു. എന്നാല്‍ തന്റെ സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു നിയോഗം.

താലികെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ ചെലവേറിയതും അനാവശ്യവുമായ ആചാരങ്ങള്‍ നായര്‍ സമുദായത്തില്‍ പ്രബലമായിരുന്ന കാലത്ത് ഈ അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 1914-ല്‍ അദ്ദേഹം ‘നായര്‍ ഭൃത്യ ജനസംഘം’ രൂപീകരിച്ചു. ഇതാണ് പിന്നീട് ‘നായര്‍ സര്‍വ്വീസ് സൊസൈറ്റി’ (NSS) ആയി വളര്‍ന്നത്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിച്ച് മക്കത്തായം നടപ്പിലാക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.

മന്നത്തു പദ്മനാഭന്‍ കേവലം ഒരു സമുദായ നേതാവ് മാത്രമായിരുന്നില്ല. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു. തൊട്ടുകൂടായ്മയ്ക്കും ജാതിവിവേചനത്തിനുമെതിരെ അദ്ദേഹം ശക്തമായി പോരാടി.
വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹ കാലത്ത്, അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നയിച്ച ‘സവര്‍ണ്ണ ജാഥ’ കേരള ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ ഉത്തരവാദിത്ത ഭരണത്തിന് വേണ്ടിയും അദ്ദേഹം പോരാടി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു സമൂഹത്തിന് പുരോഗതി കൈവരിക്കാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇന്ന് എന്‍.എസ്.എസിന് കീഴിലുള്ള നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ‘വിമോചന സമര’ത്തിന്റെ നായകന്‍ മന്നത്തു പദ്മനാഭനായിരുന്നു. 1959ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതോടെ അദ്ദേഹം രാഷ്ട്രീയ കേരളത്തിലും നിര്‍ണ്ണായക ശക്തിയായി മാറി. സമൂഹത്തിന് അദ്ദേഹം നല്‍കിയ നിസ്തുലമായ സംഭാവനകളെ മാനിച്ച് 1966-ല്‍ രാഷ്ട്രം അദ്ദേഹത്തിന് ‘പത്മഭൂഷണ്‍’ നല്‍കി ആദരിച്ചു. രാഷ്ട്രപതിയില്‍ നിന്നും ‘ഭാരത കേസരി’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിന് ലഭിച്ചു.

1970 ഫെബ്രുവരി 25-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. എങ്കിലും, അദ്ദേഹം കൊളുത്തിയ നവോത്ഥാനത്തിന്റെ ദീപം ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം സമുദായത്തെ സ്നേഹിക്കുമ്പോഴും ഇതര സമുദായങ്ങളെ ബഹുമാനിക്കാനും, മനുഷ്യനന്മയ്ക്കായി നിലകൊള്ളാനും അദ്ദേഹം പഠിപ്പിച്ചു. കര്‍മ്മധീരനായ ആ മഹാത്മാവിന്റെ സ്മരണയ്ക്ക് മുന്നില്‍ നമുക്ക് പ്രണാമം അര്‍പ്പിക്കാം.