പുതുവര്‍ഷത്തില്‍ ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; കൂടിയത് 111 രൂപ

Jaihind News Bureau
Thursday, January 1, 2026

പുതുവര്‍ഷപ്പിറവിയില്‍ രാജ്യത്തെ വാണിജ്യ പാചകവാതക ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ ഒറ്റയടിക്ക് 111 രൂപയുടെ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നു. എന്നാല്‍ 14 കിലോ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രമുഖ മെട്രോ നഗരങ്ങളിലെല്ലാം ഈ വില വര്‍ധനയുടെ പ്രതിഫലനം പ്രകടമാണ്. ഡല്‍ഹിയില്‍ ഇതുവരെ 1580.50 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്; സിലിണ്ടര്‍ വില 1739.50 രൂപയില്‍ നിന്ന് 1849.50 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 1719 രൂപയാണ് പുതിയ വാണിജ്യ സിലിണ്ടര്‍ നിരക്ക്.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 10 രൂപയും മുംബൈയിലും ചെന്നൈയിലും 11 രൂപയുമാണ് കുറച്ചിരുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ ഈ ആശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ള വന്‍ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ കുത്തനെയുള്ള വര്‍ധന ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് വരും ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലുണ്ട്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയുടെയും രൂപയുടെ മൂല്യത്തിന്റെയും അടിസ്ഥാനത്തിലാണ് എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് വില പുനര്‍നിര്‍ണ്ണയിക്കുന്നത്.