ആലുവയില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു; വന്‍ നാശനഷ്ടം

Jaihind News Bureau
Tuesday, December 30, 2025

 

ആലുവ: ആലുവ പുളിഞ്ചോട് ജംഗ്ഷന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വൈകിട്ട് 5.10-ഓടെയാണ് സംഭവം. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള ‘സിത്താര ട്രേഡേഴ്‌സ്’ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

കടയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് പിടിച്ച തീ ആക്രിക്കടയിലേക്ക് പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റടിച്ചതോടെ തീ ആളിപ്പടര്‍ന്നു.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട ദുബായ് പോര്‍ട്ടിന്റെ ക്രെയിനുകള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയ വലിയ ചരക്കുവാഹനങ്ങളുടെ ടയറുകളും വിലകൂടിയ കോപ്പര്‍ കേബിളുകളുമാണ് കടയില്‍ സൂക്ഷിച്ചിരുന്നത്. ഇവ പൂര്‍ണ്ണമായും കത്തിയമര്‍ന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായി.

തീയണച്ചത് ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണാതീതമായതോടെ ആലുവയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്.