മൂഴിയാര്‍ ഉന്നതിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസിന്റെ വെളിച്ചം തടഞ്ഞ് വനപാലകര്‍

Jaihind News Bureau
Tuesday, December 30, 2025

കൊച്ചാണ്ടി: മൂഴിയാര്‍ സായിപ്പിന്‍കുഴി കോളനിയിലേക്ക് സോളാര്‍ പാനലുകളുമായി പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ കൊച്ചാണ്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ചെക്ക് പോസ്റ്റില്‍ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അത് കാരണം വെളിച്ചം കിട്ടാന്‍ കാത്തിരുന്ന മൂഴിയാര്‍ ഊര് നിവാസികള്‍ നിരാശരായി. ഇന്ന് രാവിലെ ഡിസിസി ഓഫീസില്‍ നിന്നും പ്രൊഫ: പി ജെ കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് അയച്ച യൂത്ത് കോണ്‍ഗ്രസിന്റെ സോളാര്‍ ട്രക്കാണ് വനപാലകര്‍ തടഞ്ഞത്.

രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ഈ ഇടപെടലിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുമെന്നും,ഊരില്‍ എന്ത് പ്രതിസന്ധി വന്നാലും വെളിച്ചം എത്തിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു. നേതാക്കളായ മനു തയ്യില്‍, ഷെമീര്‍ തടത്തില്‍, സുഹൈല്‍ നജീബ്,കാര്‍ത്തിക്ക് മുരിങ്ങ മംഗലം, ജാക്‌സണ്‍ ഷാജി, റ്റിജോ സാമുവല്‍,ജിതിന്‍ പോള്‍,രതീഷ് മടന്തമണ്ണില്‍,സുമേഷ് ആങ്ങമൂഴി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.