ശബരിമല സ്വർണക്കൊള്ള :  സിപിഎമ്മിന്റെ അടുത്ത വിക്കറ്റ് പോയി; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

Jaihind News Bureau
Monday, December 29, 2025

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. പത്മകുമാർ അധ്യക്ഷനായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. എസ്ഐടി ഓഫീസിലെത്തി വിജയകുമാർ സ്വമേധയാ കീഴടങ്ങിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിർദേശപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും, താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വിജയകുമാർ പ്രതികരിച്ചു. ശക്തമായ മാനസിക സമ്മർദ്ദം സഹിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നൽകിയിരുന്ന മുൻകൂർ ജാമ്യപേക്ഷ വിജയകുമാർ പിന്നീട് പിൻവലിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും ശങ്കർദാസിലേക്കും അന്വേഷണം എത്തിയില്ലെന്നതിൽ എസ്‌ഐടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഈ വിമർശനത്തിന് പിന്നാലെ അറസ്റ്റിന് സാധ്യത ശക്തമായതോടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയതെന്നും, തുടർന്ന് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും.

2018 നവംബറിൽ കെ. രാഘവന്റെ ഒഴിവിലേക്കാണ് എൻ. വിജയകുമാർ സിപിഎമ്മിന്റെ പ്രതിനിധിയായി ദേവസ്വം ബോർഡിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പത്മകുമാർ അന്വേഷണത്തിൽ ആവർത്തിച്ചിരുന്നത്. സർക്കാർ നിർദേശങ്ങൾ നടപ്പാക്കിയതടക്കമുള്ള കാര്യങ്ങളും മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.