ആദർശ രാഷ്ട്രീയത്തിന്റെ ആന്റണി യുഗത്തിന് ഇന്ന് 85; പാർട്ടി പിറന്നാൾ ദിനത്തിൽ തന്നെ ആന്റണിക്കും ജന്മദിനം

Jaihind News Bureau
Sunday, December 28, 2025

ഇന്ത്യന്‍ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ തന്നെ പാർട്ടിയുടെ സമുന്നത നേതാവ് എ.കെ. ആന്റണിയും തന്റെ 85-ാം ജന്മദിനം ആഘോഷിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു യാദൃശ്ചികതയാണ്. കോൺഗ്രസാണ് തന്റെ ജീവശ്വാസമെന്ന് എപ്പോഴും വിശ്വസിക്കുന്ന ആന്റണിക്ക്, പാർട്ടിയുടെ ജന്മദിനത്തിൽ തന്നെ സ്വന്തം പിറന്നാൾ എത്തിയത് ഇരട്ടി മധുരമാകുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് അദ്ദേഹം.

1940 ഡിസംബർ 28-ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ അറയ്ക്കപ്പറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായാണ് എ.കെ. ആന്റണിയുടെ ജനനം. ചേർത്തല ഗവൺമെന്റ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോൺഗ്രസിന്റെ ദേശീയ മുഖമായി മാറി.

കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് എ.കെ. ആന്റണിയുടേത്. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1977-ൽ തന്റെ 37-ാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോർഡിനും ഉടമയാണ്. 1996 മുതൽ 2001 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം തിളങ്ങി.

2006 മുതൽ 2014 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന അദ്ദേഹം സൈനിക മേഖലയിൽ നിർണ്ണായകമായ പല പരിഷ്കാരങ്ങൾക്കും നേതൃത്വം നൽകി. 2022 ഏപ്രിലിൽ രാജ്യസഭാംഗത്വം പൂർത്തിയായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആന്റണി ഇപ്പോൾ തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിൽ വിശ്രമജീവിതം നയിക്കുകയാണ്. വിശ്രമത്തിനിടയിലും പാർട്ടിയുടെ പ്രതിസന്ധികളിൽ ശരിയായ ദിശാബോധം നൽകാൻ അദ്ദേഹം ഇപ്പോഴും മുൻപന്തിയിലുണ്ട്.