
ബെംഗളൂരുവിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. വസ്തുതകൾ അറിയാതെ പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ സദാശിവനഗറിലുള്ള വസതിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിപ്പിച്ചത് ഒരു ഖരമാലിന്യ പ്ലാന്റ് നിലനിന്നിരുന്ന ഭൂമിയാണെന്നും അവിടെ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ശിവകുമാർ വിശദീകരിച്ചു. മാനുഷിക പരിഗണന വെച്ച് അവിടെയുള്ളവർക്ക് മാറിതാമസിക്കാൻ സമയം നൽകിയിരുന്നു. ഭൂമാഫിയകൾ പിന്നീട് ഭൂമി കൈക്കലാക്കാൻ വേണ്ടിയാണ് ഇത്തരം ചേരികൾ നിർമ്മിക്കുന്നത്. അർഹരായവർ ഉണ്ടെങ്കിൽ രാജീവ് ഗാന്ധി സ്കീം പ്രകാരം വീട് നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാർ ‘ബുൾഡോസർ രാജ്’ നടത്തുകയാണെന്ന പിണറായി വിജയന്റെ ആരോപണത്തെ ഡി.കെ. ശിവകുമാർ തള്ളി. തങ്ങൾക്ക് അത്തരമൊരു സംസ്കാരമില്ലെന്നും നഗരമധ്യത്തിലെ സർക്കാർ ഭൂമി സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കൃത്യമായ സന്ദേശം കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ ഒഴിപ്പിക്കലിന് ന്യൂനപക്ഷങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും താൻ ഉൾപ്പെടെയുള്ളവർ പാവപ്പെട്ടവർക്കായി ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കർണാടകയിൽ കൃത്യമായ രേഖകളുമായി താമസിക്കുന്ന ആർക്കും ആവശ്യമായ പിന്തുണ നൽകും. വസ്തുതകൾ പഠിക്കാതെ അയൽസംസ്ഥാനത്തെ കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായം പറയരുതെന്നും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.