‘ഇത് സ്റ്റാലിന്റെ റഷ്യയല്ല, പിണറായി ഏകാധിപതി ചമയേണ്ട’: എന്‍. സുബ്രഹ്‌മണ്യന്റെ അറസ്റ്റില്‍ ആഞ്ഞടിച്ച് വി.ഡി. സതീശന്‍

Jaihind News Bureau
Saturday, December 27, 2025

 

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ നടപടി ഏകാധിപത്യത്തിന്റേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ജനാധിപത്യ കേരളത്തില്‍ ഇത്തരം ഗുണ്ടായിസം ചെലവാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സോണിയ ഗാന്ധിക്കെതിരെ സിപിഎം വ്യാപകമായ കള്ളപ്രചരണം നടത്തിയപ്പോള്‍ അതിന് മറുപടിയായാണ് സുബ്രഹ്‌മണ്യന്‍ ഫോട്ടോ പങ്കുവെച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സിപിഎം സൈബര്‍ സെല്ലുകള്‍ നിത്യേന നടത്തുന്ന ഹീനമായ കടന്നാക്രമണങ്ങളില്‍ പരാതി നല്‍കിയിട്ടും പോലീസ് അനങ്ങുന്നില്ല. നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിസ്സഹായത പറയുന്ന പോലീസ്, മുഖ്യമന്ത്രിയുടെ ചിത്രം വന്നപ്പോള്‍ വീട്ടില്‍ കയറി പിടിക്കുന്നു. പിണറായി വിജയന്‍ ആരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

പൊലീസ് ജീപ്പിന് ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സിപിഎം നേതാവിനെ ജയിലില്‍ കിടന്ന് ഒരു മാസം തികയും മുന്‍പേ പരോളില്‍ വിട്ട സര്‍ക്കാരാണിത്. ടി.പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികളെല്ലാം പുറത്ത് വിലസുന്നു. ജയിലില്‍ കഞ്ചാവും ലഹരിയും എത്തിച്ചു നല്‍കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കാം എന്ന് മോഹിക്കേണ്ട. ഭരണത്തിന്റെ അവസാന കാലഘട്ടത്തിലെ അഹങ്കാരമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ പാരഡി ഗാനത്തിനെതിരെ കേസെടുത്ത് നാണംകെട്ട് പിന്മാറിയ ചരിത്രം പിണറായി വിജയന്‍ മറക്കരുത്. അന്ന് ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. കേരളത്തില്‍ എന്തും ചെയ്യാമെന്ന ധാരണ വേണ്ടെന്നും സര്‍ക്കാരിന്റെ ഈ കിരാത നടപടിയെ രാഷ്ട്രീയമായും നിയമപരമായും ശക്തിയായി നേരിടുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.