
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് സാക്ഷ്യം വഹിച്ച് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റ് ജയം നേടിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. കേരളത്തില്‍ നടന്ന ആദ്യ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ആധികാരികമായ വിജയമാണ് ഇന്ത്യ കുറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 42 പന്തില്‍ നിന്ന് 11 ഫോറുകളും 3 സിക്സറുകളുമടക്കം പുറത്താകാതെ 79 റണ്‍സാണ് ഷെഫാലി അടിച്ചുകൂട്ടിയത്. സ്റ്റേഡിയത്തിന്റെ നാനാഭാഗത്തേക്കും പറന്ന ഷെഫാലിയുടെ ഷോട്ടുകള്‍ പതിനായിരക്കണക്കിന് വരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി.
ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന (1), ജെമീമ റോഡ്രിഗസ് (9) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും ഷെഫാലിയുടെ പ്രകടനം ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. സ്മൃതിയെയും ജെമീമയെയും കവിഷ ദില്‍ഹാരിയാണ് പുറത്താക്കിയത്. നേരത്തെ ടോസ് നേടി പന്തെറിയാന്‍ തീരുമാനിച്ച ഇന്ത്യക്ക് വേണ്ടി രേണുക സിങ് നാലും ദീപ്തി ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ലങ്കന്‍ നിരയില്‍ ഇമേഷ് ദുലാനി (27), ഹസിനി പെരേര (25) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്.
വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതകളുടെ പ്രകടനം നേരിട്ട് കാണാന്‍ വലിയ ജനത്തിരക്കാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അനുഭവപ്പെട്ടത്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഡിസംബര്‍ 28, 30 തീയതികളില്‍ ഇതേ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാനുള്ള അവസരമായി മാറി.