
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആറ് കോര്‍പ്പറേഷനുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയര്‍, ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 10.30-നും, ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30-നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നാളെ ഉച്ചയ്ക്ക് 2.30 ക്കും നടക്കും.
ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ജില്ലാ കളക്ടര്‍മാരാണ് വരണാധികാരികളായി പ്രവര്‍ത്തിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കും, മുനിസിപ്പാലിറ്റികളില്‍ പ്രത്യേകമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കുമാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം. അതത് സ്ഥാപനങ്ങളില്‍ ചേരുന്ന അംഗങ്ങളുടെ യോഗത്തില്‍ വെച്ചാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഒരു സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദ്ദേശം ചെയ്യുകയും മറ്റൊരാള്‍ പിന്താങ്ങുകയും വേണം. സ്ഥാനാര്‍ത്ഥി നേരിട്ട് ഹാജരാകാത്ത സാഹചര്യത്തില്‍ അയാളുടെ സമ്മതപത്രം യോഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വരണാധികാരി കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മേയര്‍, ചെയര്‍പേഴ്‌സണ്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരിക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍, വൈസ് പ്രസിഡന്റ് എന്നിവര്‍ക്ക് അതത് സ്ഥാപന അധ്യക്ഷന്മാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ ഭരണസമിതികള്‍ പൂര്‍ണ്ണരൂപത്തിലാകും.