
ചിത്രദുര്‍ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സ്വകാര്യ സ്ലീപ്പര്‍ ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ 17 യാത്രക്കാര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചിത്രദുര്‍ഗ ഹിരിയൂരിലെ ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണത്തേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ദേശീയപാതയിലെ ഡിവൈഡര്‍ മുറിച്ചുകടന്ന് അമിതവേഗതയില്‍ വന്ന ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണ്ണമായും കത്തിയമര്‍ന്ന നിലയിലാണ്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബസിനുള്ളില്‍ തീ പടര്‍ന്നതോടെ ജനാലകള്‍ തകര്‍ത്ത് ഏഴുപേര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിനുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്കാണ് ജീവന് നഷ്ടമായത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിനശിച്ച നിലയിലാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ മരണസംഖ്യയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്കാന് സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.
ചിത്രദുര്‍ഗ എസ്.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. ഹിരിയൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.