
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും ക്ഷേമപദ്ധതികളിലെ കുടിശികയും കാരണം സംസ്ഥാനം വീര്‍പ്പുമുട്ടുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കായി വീണ്ടും കോടികള്‍ അനുവദിച്ച് ധനവകുപ്പ്. വാടകയിനത്തില്‍ 4 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ സേവനം ഉപയോഗിച്ചതിന് ശേഷം മാത്രം തുക നല്‍കുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുന്‍കൂറായി നല്‍കിയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഒക്ടോബര്‍ 20 മുതല്‍ 2026 മാര്‍ച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയായാണ് ഈ 4 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഡിസംബര്‍ 20 മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ തുക മുന്‍കൂറായി നല്‍കുകയാണ്. ബാക്കിയുള്ള രണ്ട് മാസത്തെ കുടിശികയും ഇതോടൊപ്പം തീര്‍ക്കും. പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ‘കുടിശിക സര്‍ക്കാര്‍’ എന്ന് ആക്ഷേപം കേള്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മാത്രം ഒരു നിമിഷം പോലും വൈകാതെ പണം നല്‍കുന്നത്.
മാസം 25 മണിക്കൂര്‍ വരെ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ വാടകയായി നല്‍കുന്നത്. 25 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നല്‍കണം. 2020-ല്‍ ഡിജിപി ലോകനാഥ് ബെഹ്റയുടെ ശുപാര്‍ശ പ്രകാരമാണ് ആദ്യമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2023-ല്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വലിയ തുക മുടക്കി പരിഷ്‌കരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആകാശയാത്രയ്ക്കും മുന്‍കൂര്‍ പണം അനുവദിച്ചിരിക്കുന്നത്. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും ഭരണാധികാരിയുടെ ആഡംബരത്തിന് മാത്രം പണം കണ്ടെത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.