
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. കേസിലെ പ്രതിയായ ഗോവര്‍ധന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക ബെല്ലാരിയിലെ ‘റൊഡ്ഡം ജ്വല്ലറി’യില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം ബെല്ലാരിയില്‍ എത്തുന്നത്. നേരത്തെ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് സ്വര്‍ണം കണ്ടെടുത്തിരുന്നു.
അതേസമയം, കേസിലെ മറ്റൊരു നിര്‍ണ്ണായക കണ്ണിയായ ഡി. മണിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി എസ്ഐടി സംഘം ഇന്ന് രാവിലെ ചെന്നൈയിലെത്തി. എന്നാല്‍ ‘ഡി. മണി’ എന്നത് ഇയാളുടെ യഥാര്‍ത്ഥ പേരല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്കും മുന്‍ ബോര്‍ഡ് അംഗങ്ങളിലേക്കും നീങ്ങുന്നതിനിടെ, മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും എന്‍. വിജയകുമാറും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇരുവരും അപേക്ഷ നല്‍കിയത്. എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളായിരുന്നു ഇവര്‍.
കേസില്‍ പത്മകുമാറിന് പുറമെ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം നീളാത്തതില് എസ്ഐടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് എ. പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.