ശ്രമം വിഫലം; ഉദയംപേരൂരിലെ നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു

Jaihind News Bureau
Tuesday, December 23, 2025

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം സ്വദേശിയായ ലിനു (40) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ അന്തരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എറണാകുളം ഉദയംപേരൂരിന് സമീപമായിരുന്നു ലിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മുഖത്തിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ലിനുവിന് ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ആ സമയം അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ബി. മനൂപ്, ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുമെന്ന് ഉറപ്പായതോടെ, മൊബൈല്‍ ടോര്‍ച്ചുകളുടെ വെളിച്ചത്തില്‍ നാട്ടുകാര്‍ നല്‍കിയ ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി സ്‌ട്രോ വഴി ശ്വാസഗതി തിരിച്ചുപിടിച്ച ലിനുവിനെ പിന്നീട് ഉടന്‍ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ ഈ അസാമാന്യ ധീരത വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍, വിദഗ്ധ ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ലിനുവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലിനുവിന്റെ ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന നാടിന് വാര്‍ത്ത വലിയ വേദനയായി.