
തടവുകാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് എന്നിവരുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് പ്രാഥമികമായി കേസെടുത്തത്. ഇതിനുപുറമെ, ജയിലിനുള്ളില്‍ പ്രതികള്‍ക്ക് വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയും അല്ലാതെയും വലിയ തോതിലുള്ള പണമിടപാടുകളാണ് നടന്നത്. വിയ്യൂര്‍ ജയിലിലെ ഒരു വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. തടവുകാരില്‍ നിന്ന് മാത്രമല്ല, ജയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായും വിനോദ് കുമാര്‍ പണം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ യൂണിറ്റാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ഡിസംബർ 17-നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് ഔദ്യോഗികമായി കേസെടുത്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെ ഇദ്ദേഹം സസ്‌പെൻഷനിൽ തുടരും. വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസം കഴിഞ്ഞിട്ടും നടപടി വൈകുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തില്ലാത്തതായിരുന്നു നടപടി വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇന്ന് രാവിലെ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി, ഫയൽ പരിശോധിച്ച് സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടുകയായിരുന്നു.