ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി

Jaihind News Bureau
Tuesday, December 23, 2025

ആലുവ: നടന്‍ ദിലീപിന്റെ വസതിയായ ‘പത്മസരോവര’ത്തില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. പ്രമുഖ വാര്‍ത്താ ചാനലുകളായ റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നിവയ്ക്കും അവയുടെ മേധാവികള്‍ക്കുമെതിരെ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ സ്വകാര്യത ലംഘിച്ചുവെന്നും വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഡിസംബര്‍ 8-ന് നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്ന ദിവസമായിരുന്നു സംഭവം്. ദിലീപ് വസതിയില്‍ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ചാനലുകള്‍ ഡ്രോണ്‍ ഉപയോഗിക്കുകയായിരുന്നു. വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുന്‍കൂര്‍ അനുമതിയോ കൂടാതെയാണ് വീടിന് മുകളിലൂടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചതെന്നും, ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വീടിനുള്ളിലെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

നിയമവിരുദ്ധമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ വീട്ടുകാരുടെ സുരക്ഷയ്ക്കും സല്‍പ്പേരിനും വലിയ ദോഷം സംഭവിച്ചതായി ജയലക്ഷ്മി പരാതിയില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഡ്രോണുകള്‍, അവയിലെ മെമ്മറി കാര്‍ഡുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.