
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. അതിജീവിതയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് അധിക്ഷേപകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.
വിവാദ വീഡിയോ ഇരുന്നൂറിലധികം സൈറ്റുകളില്‍ പങ്കുവെച്ചിട്ടുള്ളതായി പൊലീസ് സൈബര്‍ വിഭാഗം കണ്ടെത്തി. നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്യണമെന്ന് പൊലീസ് നേരത്തെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശം ലംഘിച്ച് വീഡിയോ തുടര്‍ന്നും നിലനിര്ത്തിയവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കാനാണ് പൊലീസ് തീരുമാനം.