വാളയാര്‍ കൊലപാതകം: ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്ന് മന്ത്രി എം.ബി രാജേഷ്

Jaihind News Bureau
Monday, December 22, 2025

വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭയ്യാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ സാന്നിധ്യം ആരോപിച്ച് മന്ത്രി എം.ബി രാജേഷ്. കൊല്ലപ്പെട്ടയാള്‍ ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്നും, ഇതിനു പിന്നിലെ വര്‍ഗീയ-വിദ്വേഷ അജണ്ടകള്‍ മറച്ചുവെക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടായിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ഈ രീതിയിലല്ല പ്രതികരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഇതുവരെ അറസ്റ്റിലായ അഞ്ചുപേരും കൊടും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒന്നാം പ്രതി അനുവിനെതിരെ മാത്രം വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ട്. മറ്റ് പ്രതികളായ പ്രസാദ്, മുരളി, ആനന്ദന്‍, വിപിന്‍ എന്നിവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മോഷണം ആരോപിച്ചാണ് മര്‍ദ്ദനം തുടങ്ങിയതെങ്കിലും, ലഹരിയുടെ സ്വാധീനത്തിലാണോ ഈ ക്രൂരകൃത്യം നടന്നതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

പതിനഞ്ചിലധികം പേരടങ്ങുന്ന സംഘമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ഇതില്‍ സ്ത്രീകളുടെ സാന്നിധ്യവും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികള്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിയമനടപടി ഭയന്ന് ഇവ ഡിലീറ്റ് ചെയ്‌തെങ്കിലും, പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. നിലവില്‍ അഞ്ച് പേര്‍ അറസ്റ്റിലായെങ്കിലും ബാക്കി പത്തോളം പേര്‍ ഒളിവിലാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ പുരോഗതി വിലയിരുത്തുന്നത്.