
തിരുവനന്തപുരം: മലയാളിയുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചലച്ചിത്ര രംഗത്തിന്റെ സമസ്ത മേഖലകളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു.
സിനിമയില്‍ നിലനിന്നുപോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പച്ചമനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും, ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും വിജയിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്റെ ആശയങ്ങള്‍ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്റെ വിയോഗം തനിക്ക് വ്യക്തിപരമായി കൂടിയുള്ള നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മ്മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായിരുന്നു,’ മുഖ്യമന്ത്രി അനുസ്മരിച്ചു.