‘യാത്ര പറയാതെ ശ്രീനി മടങ്ങി; വാക്കുകളില്‍ ഒതുങ്ങില്ല ഈ ആത്മബന്ധം’: പ്രിയ സുഹൃത്തിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

Jaihind News Bureau
Saturday, December 20, 2025

മലയാള സിനിമയിലെ ഇതിഹാസ ജോഡികളായ ദാസനും വിജയനും ഇനി ഓര്‍മ്മകളില്‍ മാത്രം. പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അതിവൈകാരികമായ കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. യാത്ര പറയാതെയാണ് ശ്രീനി മടങ്ങിയതെന്നും തങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധം സിനിമയ്ക്കും അപ്പുറമായിരുന്നുവെന്നും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മലയാളികള്‍ നെഞ്ചിലേറ്റിയ ദാസനും വിജയനും ഇന്നും കാലാതീതമായി നിലനില്‍ക്കുന്നത് ശ്രീനിവാസന്റെ രചനാവൈഭവം കൊണ്ടാണെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. ‘ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് അദ്ദേഹത്തിന്റെ അനുഗ്രഹീത സിദ്ധികൊണ്ടാണ്,’ മോഹന്‍ലാല്‍ കുറിച്ചു.

ഓരോ മലയാളിയും തങ്ങളുടെ സ്വന്തം മുഖമാണ് ശ്രീനിവാസന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടത്. മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും വേദനകളും സന്തോഷങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയുമെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

സ്‌ക്രീനിലെ ദാസനെയും വിജയനെയും പോലെ തന്നെയായിരുന്നു ജീവിതത്തിലും തങ്ങളുടെ ബന്ധമെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. ‘സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു,’ മോഹന്‍ലാല്‍ കുറിച്ചു. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചത്.