
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സഞ്ജുവിന്റെ നിലവിലെ ഫോം വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം ഉറപ്പാക്കുന്നതാണെന്ന് വി.ഡി. സതീശന് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.
2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സഞ്ജുവിന്റെ പേര് പട്ടികയില്‍ ഉറപ്പായും ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘വെല്‍ഡണ്‍ സഞ്ജു’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം മലയാളി താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘നാളത്തെ വലിയ സന്തോഷവാര്‍ത്തയ്ക്കായി കാത്തിരിക്കാം’ എന്ന് പറഞ്ഞാണ് വി.ഡി. സതീശന് പോസ്റ്റ് അവസാനിപ്പിച്ചത്. ഇത് സഞ്ജുവിന്റെ ലോകകപ്പ് പ്രവേശനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കും വലിയ ആവേശമാണ് നല്‍കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഹമ്മദാബാദില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കി. മത്സരത്തില്‍ ഇന്ത്യ 30 റണ്‍സിന് വിജയിക്കുകയും പരമ്പര 3-1ന് സ്വന്തമാക്കുകയും ചെയ്തിരുന്നു.
മത്സരത്തില്‍ തിലക് വര്‍മ്മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിംഗിന് കരുത്തുറ്റ അടിത്തറയിട്ടത് സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന സാഹചര്യത്തില്‍, വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയിലും ലോകകപ്പിലും സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കായിക കേരളം.