സംരക്ഷകരോ അതോ വേട്ടക്കാരോ?; ആവർത്തിക്കുന്ന പോലീസ് അതിക്രമങ്ങളും നോക്കുകുത്തിയായ സർക്കാരും

Jaihind News Bureau
Friday, December 19, 2025

കേരളത്തില്‍ പോലീസ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് സംസ്ഥാനത്തിന്റെ നിയമ സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയാണ്. നിയമം നടപ്പാക്കേണ്ട സേന തന്നെ സാധാരണ പൗരന്മാരോട് അമിത ശക്തി പ്രയോഗിക്കുകയാണ്. ഇവിടെ വാഴുന്നത് പോലീസോ അതോ പോലീസ് വേഷമിട്ട ഗുണ്ടകളോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആക്രമിച്ച സംഭവമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന് ആവര്‍ത്തിച്ച് അറിയിച്ചിട്ടും യുവതിക്കെതിരെ പോലീസ് ക്രൂരമായ പെരുമാറ്റം തുടരുകയായിരുന്നുവെന്നാണ് പരാതി. പോലീസ് സ്റ്റേഷനില്‍ തന്നെ നടന്ന ആക്രമണം സ്ത്രീസുരക്ഷയെയും മനുഷ്യാവകാശങ്ങളെയും ഗുരുതരമായി ലംഘിക്കുന്നതാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, നിയമം നടപ്പിലാക്കേണ്ട സേന തന്നെ നിയമലംഘനത്തിന്റെ പ്രതീകമാകുന്നുവെന്ന് വ്യക്തമായി. മുന്‍പ് ഈ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് സംഭവത്തിന് ഗൗരവം കൂട്ടുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് മുന്‍കാല കേസുകള്‍. 2023-ല്‍ തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. എസ്. സുജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവം വലിയ വിവാദമായിരുന്നു. അതേ വര്‍ഷം തന്നെ പീച്ചി പോലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ച സംഭവവും പോലീസ് അതിക്രമത്തിന്റെ ഉദാഹരണമാണ്.

ഇതിന് പുറമെ, കസ്റ്റഡി മര്‍ദനം, കള്ളക്കേസുകള്‍ ചുമത്തല്‍, സ്ത്രീകളോട് മോശമായ പെരുമാറ്റം തുടങ്ങിയ പരാതികള്‍ നിരവധിയുണ്ട്. പോലീസ് അതിക്രമങ്ങള്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള മാര്‍ഗമായി മാറുകയാണ് ഇന്ന്. നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. പോലീസ് ആക്രമണങ്ങള്‍ ഒരു പാറ്റേണായി മാറുന്നുവെന്ന സാധാരണക്കാരുടെ ആശങ്കയും കണ്ടില്ലായെന്ന് നടിക്കാനാവില്ല.

ഇത്തരത്തില്‍ പോലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഇന്നത്തെ സര്‍ക്കാര്‍ ഇതിനെതിരെ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യം ശക്തമായിരിക്കുന്നു. ഓരോ സംഭവത്തിനും പിന്നാലെ പ്രാഥമിക അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതികരണം ഒതുങ്ങുന്നുവെന്നതാണ് സത്യം. മുന്‍പരാതികള്‍ ഉണ്ടായിട്ടും അവ മറച്ചുവെച്ചതും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തതും ഭരണപരമായ ഗുരുതര വീഴ്ചയാണ്. ചുരുക്കി പറഞ്ഞാല്‍ റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ് സര്‍ക്കാര്‍ പൊതുവായി ചെയ്യാറുള്ളത്. പോലീസ് അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ ഇടപെടല്‍ ഇനിയും ഉണ്ടാകാതെ പോയാല്‍, ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന് ഉറപ്പാണ്.