
കൊല്ലം: ശബരിമല സ്വര്‍ണപ്പാളി കേസിലെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട എഫ്ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, പ്രതികളുടെയും സാക്ഷികളുടെയും മൊഴിപ്പകര്‍പ്പുകള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവ വിട്ടുനല്‍കണമെന്നാണ് ഇഡിയുടെ ആവശ്യം.
രേഖകള്‍ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള അന്വേഷണം മാത്രമേ ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാവൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റ് കുറ്റകൃത്യങ്ങളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത് നിലവിലെ വിജിലന്‍സ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ കോടതിയില്‍ പങ്കുവെച്ചു.
സ്വര്‍ണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനാണ് അന്വേഷണമെന്നാണ് ഇഡിയുടെ വിശദീകരണം. കേസില്‍ ഐപിസി 467-ാം വകുപ്പ് (വിലപ്പെട്ട രേഖകളില്‍ ചതിവ് വരുത്തല്‍) ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് ഇഡി ഈ വിഷയത്തില്‍ ഇടപെടുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് രേഖകള്‍ അനിവാര്യമാണെന്നും ഇഡി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.