മൈസൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; 44 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jaihind News Bureau
Friday, December 19, 2025

മൈസൂര്‍: മൈസൂരിന് സമീപം നഞ്ചന്‍കോട് വെച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന KL 15 A 2444 എന്ന ബസാണ് പൂര്‍ണമായും കത്തിനശിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.

അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. മറ്റൊരു ബസില്‍ യാത്ര തിരിച്ച യാത്രക്കാര്‍ രാവിലെ ഏഴ് മണിയോടെ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.