‘ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ സുരക്ഷ അപകടത്തിൽ’; കേന്ദ്രത്തിനെതിരെ പാർലമെന്റ് സമുച്ചയത്തിൽ കോൺഗ്രസ് പ്രതിഷേധം

Jaihind News Bureau
Thursday, December 18, 2025

ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ മനഃപൂർവം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പാർലമെന്റ് സമുച്ചയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകി. പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെയും ഗുണഭോക്താക്കളെ തഴയുന്നതിലൂടെയും ദരിദ്ര കുടുംബങ്ങളുടെ ഉപജീവനത്തെയാണ് സർക്കാർ ബാധിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ടുകൾ അനുവദിക്കാൻ കേന്ദ്രം വിമുഖത കാണിക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി. തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതും പണം അനുവദിക്കുന്നതിലെ കാലതാമസവും പദ്ധതിയുടെ അന്തസ്സത്തയെത്തന്നെ തകർക്കുകയാണ്. യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇതിനെ അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾ കോടിക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുമെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം തുടരുമെന്നും സോണിയ ഗാന്ധി പറഞ്ഞു. പദ്ധതിയുടെ ആത്മാവിനെ തകർക്കുന്ന തരത്തിലുള്ള ഒരു അട്ടിമറിയും കോൺഗ്രസ് അംഗീകരിക്കില്ല. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധത്തിൽ മുതിർന്ന പാർട്ടി നേതാക്കളും ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരും പ്ലക്കാർഡുകളേന്തി പങ്കെടുത്തു.