‘വോട്ട് മോഷണം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയിലുള്ളത്’: രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, December 15, 2025

ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയില്‍ ‘വോട്ട് ചോറി’ ദൃഡമാണെന്ന് ലേക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പാര്‍ട്ടി സത്യത്തിനൊപ്പം നില്‍ക്കുമെന്നും ‘നരേന്ദ്ര മോദി-ആര്‍എസ്എസ് സര്‍ക്കാരിനെ’ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍, ഗഡ്ഡി ഛോഡ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവിനെയും വിവേക് ജോഷിയെയും പേരെടുത്ത് രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചു. രാജ്യത്തെ രാഷ്ട്രീയ പോരാട്ടം സത്യത്തിനും അസത്യത്തിനും ഇടയിലാണെന്ന് രാഹുല്‍ പറഞ്ഞു. സത്യം വിജയിക്കാന്‍ സമയമെടുത്തേക്കാം, പക്ഷേ ഒടുവില്‍ വിജയിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സത്യത്തിലൂടെയും അഹിംസയിലൂടെയും മോദിയെയും അമിത് ഷായെയും നമ്മള്‍ പരാജയപ്പെടുത്തും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിനെതിരെ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയൊരു പങ്കാളിത്തം കണ്ട റാലിയില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. വോട്ട് മോഷണം ആരോപിച്ച് രാജ്യത്തുടനീളമുള്ള ആറ് കോടി ആളുകളുടെ ഒപ്പുകള്‍ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ടെന്നും അവ ഇന്ത്യന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും അറിയിച്ചു.