
എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന സി പി എം തിരുവനന്തപുരം ജില്ലാതല തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ചേരിപ്പോരും പോര്‍വിളിയും വാഗ്വാദവും. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്, കരമന ഹരി എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി പോര്‍വിളിയുമായി തമ്മിലടിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് മുന്‍പ് തന്നെ തലസ്ഥാനത്ത് സിപിഎമ്മില്‍ പൊട്ടിത്തെറിയും തമ്മിലടിയും ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്വിളിയുമുണ്ടായത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കങ്ങളും ചേരിപ്പോരും അരങ്ങേറിയത്. തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവര്‍ത്തനത്തെ ജില്ലാ സെക്രട്ടറി വി.ജോയി ചോദ്യം ചെയ്തതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ജോയിക്കെതിരെ കരമന ഹരി ആഞ്ഞടിച്ചതോടെ ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞ് വാദ പ്രതിവാദം ആരംഭിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കടകംപള്ളി സുരേന്ദ്രന്റെ ഏകപക്ഷിയമായ നിലപാടിനെതിരെയും കടുത്ത വിമര്‍ശനവും തര്‍ക്കവും ഉയര്‍ന്നു.
കടകംപള്ളിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രമുഖരായ അഞ്ച് പ്രാദേശിക നേതാക്കളാണ് റിബല്‍ സ്ഥാനാര്‍ത്ഥികളായി ഇക്കുറി മത്സര രംഗത്ത് ഇറങ്ങിയത്. വിവിധ നേതാക്കളുടെ കീഴില്‍ ഗ്രൂപ്പിസവും ചേരിതിരിവും നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കലാപം ശക്തമായിരുന്നു.മേയര്‍ ആര്യ രാജേന്ദ്രനെ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു സിപിഎം കരുക്കള്‍ നീക്കിയത്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പുറമേ പ്രചരണരംഗത്ത് പോലും മേയറെ സിപിഎം ഇറക്കിയിരുന്നില്ല. സിപിഎമ്മില്‍ പുകയുന്ന ചേരിതിരിവും തമ്മിലടിയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവരുന്നതോടെ ആളിക്കത്തുമെന്ന് ഉറപ്പാണ്.