മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ വ്യാജമെന്ന് ബന്ധു; ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും

Jaihind News Bureau
Friday, December 12, 2025

 

മലയാറ്റൂരിലെ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലന്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കണ്ടെത്തലുകള്‍ക്കെതിരെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധു രംഗത്ത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ചിത്രപ്രിയ അല്ല എന്ന് ആരോപിച്ചുകൊണ്ട് ബന്ധു ശരത് ലാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാല്‍ ആരോപിക്കുന്നു. അതേസമയം, കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പ്രതി അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

മലയാറ്റൂരിലെ ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലന്‍ തലയ്ക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകത്തിന് മുന്‍പ് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ അലനെ പരിചയമുണ്ടായിരുന്നെങ്കിലും, ശല്യം വര്‍ധിച്ചതോടെ പെണ്‍കുട്ടി ഇയാളെ അകറ്റി നിര്‍ത്തിയിരുന്നു. മികച്ച വോളിബോള്‍ കളിക്കാരിയായ ചിത്രപ്രിയ കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറിയ ശേഷവും, തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പഠനത്തിനായി പോയപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നതായും ശല്യം ചെയ്തതായും ബന്ധുക്കള്‍ പറയുന്നു.

ശല്യം സഹിക്കവയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായി. ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞ് അലന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാട്ടിലെത്തിയ പെണ്‍കുട്ടിയെ, കാര്യങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നത് ചിലര്‍ കണ്ടിരുന്നതായി പോലീസിന് സൂചന ലഭിച്ചു. ഇവിടെ നിന്നാണ് കൊലപാതകം നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയിരുന്നോ എന്ന സംശയവും ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്.