
ന്യൂഡല്‍ഹി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ നിര്‍ണായക വിഷയത്തില്‍ വാദം കേള്‍ക്കുക.
ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യമാണ് വഖഫ് സംരക്ഷണ വേദി പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഇതോടൊപ്പം, ഹൈക്കോടതി ഉത്തരവിനെ തടസ്സപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തടസ്സ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിശോധിക്കും.
ഭൂമിയെ സംബന്ധിച്ച തര്‍ക്കം നിലവില്‍ വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍, ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് അപ്പീലില്‍ പ്രധാനമായും വാദിക്കുന്നത്. മുനമ്പം ഭൂമി വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കാമോ എന്ന ചോദ്യം മാത്രമായിരുന്നു ഹൈക്കോടതിയുടെ പരിധിയിലുള്ള ഏക വിഷയമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.