
ഇന്ത്യയും യുഎസ്സും തമ്മില്‍ നിര്‍ണായകമായ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചു. വ്യാപാരം, നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സഹകരണ വികാസം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തിയതായും ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പങ്കാളിത്ത ശ്രമങ്ങളില്‍ ഊന്നല്‍ നല്‍കാനും, വെല്ലുവിളികള്‍ നേരിടാനും പൊതു താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം പിഴ ചുമത്തുകയും കൂടാതെ 25 ശതമാനം അധിക തീരുവകള്‍ പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ഈ തീരുവകള്‍ അന്യായമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയും ട്രംപും തമ്മിലുള്ള സംഭാഷണം നടന്നതെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ വിദേശനയം യു.എസിന്റെ പ്രധാന സഖ്യകക്ഷികളില്‍ ഒരാളായ ഇന്ത്യയെ റഷ്യയുമായി കൂടുതല്‍ അടുപ്പിക്കുകയാണെന്ന് വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍, ഇന്ത്യ നല്‍കിയത് ഏറ്റവും മികച്ച വാഗ്ദാനമാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, ട്രംപ് ഭരണകൂടം കരാറില്‍ ഒപ്പിടണമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ആവശ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് ട്രംപുമായി ‘ഊഷ്മളമായ സംഭാഷണം’ നടന്നതായി പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ‘ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഞങ്ങള്‍ വിലയിരുത്തുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും,’ അദ്ദേഹം കുറിച്ചു. അതേസമയം, വ്യാപാരത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പോസ്റ്റില്‍ പ്രത്യേക പരാമര്‍ശം ഉണ്ടായിരുന്നില്ല. ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് സംഘം ദില്ലിയില്‍ തുടരുകയാണ്. ചര്‍ച്ചകള്‍ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും രണ്ട് രാജ്യങ്ങള്‍ക്കും പ്രയോജനകരമാകുമ്പോള്‍ മാത്രമേ കരാര്‍ ഉണ്ടാകുകയുള്ളൂ എന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.