ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എ. നോട്ടീസിന് സി.ഇ.ഒ. ഇന്ന് മറുപടി നല്‍കും; കര്‍ശന നടപടിക്ക് സാധ്യത

Jaihind News Bureau
Sunday, December 7, 2025

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിമാന സര്‍വീസുകളുടെ തടസ്സത്തെ തുടര്‍ന്ന് ഡി.ജി.സി.എ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇന്‍ഡിഗോ സി.ഇ.ഒ. പീറ്റര്‍ എല്‍ബേഴ്‌സ് ഇന്ന് മറുപടി നല്‍കും. വ്യോമയാന നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും, വിഭവങ്ങളുടെ ഉപയോഗത്തിലും ആസൂത്രണത്തിലും കമ്പനിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.സി.എ. ഇന്നലെ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് സി.ഇ.ഒ.യ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്പനി മേധാവി തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെന്നും, യാത്രക്കാര്‍ക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സമയബന്ധിതമായി കര്‍ശന നടപടിയെടുക്കാത്തതിന്റെ പേരില്‍ ഡി.ജി.സി.എ.യും സിവില്‍ വ്യോമയാന വകുപ്പും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നടപടി. നോട്ടീസിനുള്ള മറുപടിയില്‍ ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നും സ്വീകരിച്ച പരിഹാര നടപടികള്‍ വ്യക്തമാക്കേണ്ടിവരും.

അതേസമയം, രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, യാത്രാ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍ഡിഗോ റീഫണ്ട് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇന്ന് രാത്രി എട്ട് മണിയോടെ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നല്‍കാനാണ് കമ്പനിയുടെ ശ്രമം. കൂടാതെ, തിങ്കളാഴ്ചയോടെ കുടുങ്ങിക്കിടക്കുന്ന ബാഗേജുകള്‍ യാത്രക്കാര്‍ക്ക് എത്തിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസുകള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇന്നും റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.