പെരുമാറ്റചട്ട ലംഘനം; കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രചാരണത്തിന് ഇറക്കി എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഡി.സി.സി. പ്രസിഡന്റ്

Jaihind News Bureau
Saturday, December 6, 2025

കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കിയത് വിവാദത്തില്‍. പെരുമാറ്റചട്ട ലംഘനം നടന്നതായി യുഡിഎഫ്. നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.

മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ഒ. കെ. ബിനീഷ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ താളിക്കാവ് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തു. ഒ കെ വിനീഷ് ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളെ അധികാര ദുര്‍വിനിയോഗം നടത്തി തെരഞ്ഞെടുപ്പ് റാലിക്കു അണിനിരത്തിയത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്നാണ് ചട്ടം. കുട്ടികളെ ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതിന് ഒത്താശ ചെയ്തുകൊടുത്ത സ്‌പോര്‍ട്‌സ് സ്‌കൂളിലെ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ ഒ. കെ. ബിനീഷ് എന്ന സ്ഥാനാര്‍ത്ഥിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.