
നടന് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഡിസംബര്‍ 5-ന് പുതുച്ചേരിയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. പകരം, തുറന്ന സ്ഥലത്ത് പൊതുയോഗം നടത്താനാണ് പുതുച്ചേരി പോലീസ് നിര്‍ദ്ദേശിച്ചു.
വിജയിയെ കാണാന്‍ ഒഴുകിയെത്തുന്ന വന്‍ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ പുതുച്ചേരിയിലെ ഇടുങ്ങിയ റോഡുകള്‍ക്ക് കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് നടപടിയെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുയോഗമാണ് കൂടുതല്‍ എളുപ്പമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേര് മരിച്ചിരുന്നു. ഈ ദുരന്തം സംബന്ധിച്ച ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് പുതുച്ചേരി പോലീസ് കടുത്ത നിലപാടെടുത്തത്. റോഡ് ഷോയ്ക്കായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ പുതുച്ചേരിയില്‍ വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ തീരുമാനത്തോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.