
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഭയന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍ക്കാരിനെതിരായ കുറ്റംപത്രവും അധികാരത്തില്‍ എത്തിയാലുള്ള ബദല്‍ എന്താണെന്ന് വ്യക്തമാക്കുന്ന മാനിഫെസ്റ്റോയും പുറത്തിറക്കിയാണ് യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതു രണ്ടുമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യു.ഡി.എഫിന്റെ അജണ്ട. ഇതിനൊപ്പം ശബരിമലയിലെ സ്വര്‍ണക്കൊള്ളയും ചര്‍ച്ച ചെയ്യപ്പെടും. അതും തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ടയാണ്. പത്തനംതിട്ട ജില്ലയിലെ സുപ്രധാന നേതാവാണ് ജയിലില്‍ കിടക്കുന്നത്. മറ്റൊരു സി.പി.എം നേതാവും ജയിലിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാമാര് ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിലാണ്. എന്നിട്ടും സി.പി.എം അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു നടപടിയുടെയും ആവശ്യമില്ലെന്നാണ് സി.പി.എം സെക്രട്ടറി പറയുന്നത്. ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടി എടുക്കില്ലെന്ന സി.പി.എമ്മിന്റെ നിലപാടില്‍ കേരളം അമ്പരന്നു നില്‍ക്കുകയാണ്. നടപടി എടുത്താല്‍ അവര്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമോയെന്ന ഭയമാണ് സി.പി.എമ്മിന്. ഭയന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കുന്നത്. ജയിലില്‍ കിടക്കുന്നവരെ ഇവര്‍ക്ക് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് കോടതി വിധിയിലൂടെയും പുറത്തുവന്നത്. ഏതോ ഒരു ഉണ്ണികൃഷ്ണന് പോറ്റിയാണ് കൊള്ളയ്ക്ക് പിന്നിലെന്നായിരുന്നു സി.പി.എം ഭാഷ്യം. അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷം പറഞ്ഞത്. 2019-ലെ കളവ് ആരും കണ്ടില്ലെന്നു മനസിലാക്കിയാണ് വീണ്ടും കളവ് നടത്താന്‍ ശ്രമം നടത്തിയത്. അതാണ് കോടതി തടഞ്ഞത്. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നവര്‍ക്കു പോലും സി.പി.എം അഭയം നല്‍കുകയാണ്. ഇതുതന്നെയാണ് സംസ്ഥാനത്ത് ഉടനീളെ നടക്കുന്നത്.
പാലക്കാട് ജില്ലയില്‍ കൈക്കൂലി വാങ്ങിയതിനും പരാതിക്കാരിയായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചുവെന്നുമുള്ള ആരോപണത്തില്‍ ഡിവൈ.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു. എന്നിട്ടും അയാള്‍ക്കെതിരെ എഫ്.ഐ.ആര് ഇട്ടില്ല. അതിനു കാരണം അയാള്‍ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അയാളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. സ്ത്രീയുടെ മൊഴിയുണ്ടെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറഞ്ഞിട്ടും അയാള്‍ക്കെതിരെ എഫ്.ഐ.ആര് എടുക്കുന്നില്ല. ഒരു പൊലീസുകാരന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതും. സ്വന്തം ആളുകളെ സംരക്ഷിക്കുകയാണ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും കെ.എസ്.ആര്.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണ്. എന്നാല്‍ കുറ്റപത്രം നല്കിയപ്പോള് അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടെ യു.ഡി.എഫിന്റെ ഉജ്ജ്വല തിരിച്ചു വരവുണ്ടാകും. തിരഞ്ഞെടുപ്പിന് വേണ്ടി മുന്നൊരുക്കം നടത്തി ടീം യു.ഡി.എഫായാണ് ഐക്യമുന്നണി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരം കൂടി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അതി ശക്തമായ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.
എസ്.എ.ടിയെ പ്രതിപക്ഷം ഇപ്പോഴും സംശയിക്കുന്നില്ല. വാസുവിനെയും പത്മകുമാറിനെയും അറസ്റ്റു ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ ആ സമ്മര്‍ദ്ദത്തിന് എസ്.എ.ടി വഴങ്ങിയില്ല. സര്‍ക്കാരില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ട് കോടതി നേരിട്ടാണ് എസ്.ഐ.ടി രൂപീകരിച്ചത്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്ന യു.ഡി.എഫ് കോടതിയുടെ തീരുമാനം സ്വാഗതം ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് സുപ്രധാനമായ അറസ്റ്റുകള്‍ ഒഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ച ആളിനെ അറസ്റ്റു ചെയ്യേണ്ട സമയമാണിത്. തിരഞ്ഞെടുപ്പായതു കൊണ്ട് എസ്.ഐ.ടിക്കു മീതെ സമ്മര്‍ദ്ദമുണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ അറസ്റ്റ് നീട്ടി വയ്ക്കണമെന്ന അഭ്യര്‍ത്ഥന ഉണ്ടായെന്നാണ് വിവരം. അല്ലെങ്കില്‍ വലിയൊരു അറസ്റ്റ് ഇപ്പോള്‍ ഉണ്ടായേനെ. പ്രതിപക്ഷം പ്രകടിപ്പിച്ച സംശയങ്ങള്‍ തന്നെയാണ് കോടതി പിന്നീട് പറഞ്ഞത്. ദ്വാരപാലക ശില്പം കോടീശ്വരന് വിറ്റിട്ടാണ് വ്യാജ മോള്‍ഡ് തിരികെ കൊണ്ടു വന്നത്. ആരും അറിഞ്ഞില്ലെന്നു മനസിലാക്കിയാണ് വീണ്ടും മേഷണത്തിന് ശ്രമിച്ചത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്. അവര്‍ ഒന്നിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതും ഉണ്ണികൃഷ്ണന് പോറ്റിയെ പ്രകീര്‍ത്തിച്ച് പ്രസംഗിക്കുന്നതിനും തെളിവുണ്ട്. ദ്വാരപാലക ശില്പം കോടീശ്വരന് വലിയ വിലയ്ക്ക് നല്‍കിയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിധിയിലുണ്ടായിരുന്ന കാര്യമാണ് പറഞ്ഞത്. ചെന്നൈയില്‍ എത്താന്‍ ഒരു മാസവും 9 ദിവസവും വേണ്ടല്ലോ. അതുകൊണ്ടാണ് സ്വാഭാവികമായ സംശയം ഉന്നയിച്ചത്. അതു തന്നെ കോടതിയും പറഞ്ഞു. കട്ട മുതലാണെന്ന് പറയാതെ കോടീശ്വരനെയും പറ്റിച്ചു. കേരളം അമ്പരന്നു നില്ക്കുന്ന കളവാണിത്. അത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഏത് കോടീശ്വരനാണ് വിറ്റതെന്ന് ചോദിച്ചതിന് കടകംപള്ളി രണ്ട് കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. കോടതിയില്‍ എത്തിയപ്പോള്‍ മാനം പത്ത് ലക്ഷമായി കുറഞ്ഞു. മൊഴി കൂടി പുറത്ത് വന്നത് കൊണ്ടാകും മാനം കുറഞ്ഞത്. അദ്ദേഹവും പോറ്റിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ട്. അത് കോടതിയില്‍ ഹാജരാക്കും. പുറത്ത് വരുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. സ്വപ്ന സുരേഷ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടും വക്കീല്‍ നോട്ടീസ് പോലും അയക്കാത്ത ആളാണ് എനിക്കെതിരെ കോടതിയില്‍ പോയത്.
ദേവസ്വം മാനുവലും ഹൈക്കോടതി നിര്‍ദ്ദേശവും അവഗണിച്ചാണ് ദ്വാരപാലക ശില്പം പുറത്തേക്ക് കൊണ്ടു പോയത്. ഉണ്ണികൃഷ്ണന് പോറ്റിയെ തന്നെ ഏല്‍പ്പിക്കണമെന്നാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞത്. അതുകൊണ്ടാണ് പ്രശാന്തിനെ ചവിട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷം പറഞ്ഞത്. 2024-ല്‍ വീണ്ടും കക്കാനുള്ള ശ്രമമായിരുന്നു. അറിയാമായിരുന്നിട്ടും വീണ്ടും നല്‍കിയെന്നാണ് കോടതിയും പറഞ്ഞത്. ശബരിമലയില്‍ സര്‍ക്കാരണ് എസ്.ഐ.ടി ഉണ്ടാക്കിയിരുന്നതെങ്കില്‍ പരാതി നല്കിയവര് അകത്തു പോയെനെ. ഭയാനകമായ സ്ഥിതിയാണ് ശബരിമലയിലെന്നാണ് പുതിയ ദേവസ്വം പ്രസിഡന്റ് പറഞ്ഞത്. ഒരു മുന്നൊരുക്കവും നടത്തിയില്ല. ടോയ്ലറ്റില് വെള്ളം പോലും ഇല്ലായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ എത്തിയാണ് അവലോകന യോഗം ചേര്‍ന്നത്. ടോയ്ലറ്റില് പോലും വെള്ളമില്ലാത്ത അവസ്ഥ ഉണ്ടാക്കിയവരാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. ശബരിമല മുന്നൊരുക്കത്തിന് പെരുമാറ്റച്ചട്ടം തടസമായെന്ന് മന്ത്രി പറഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്. വൃശ്ചിക മാസം തുടങ്ങുന്നതിന് എട്ട് ദിവസം മുന്‍പാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.
ഇത്രയും ശക്തമായ നിലപാട് ഏത് രാഷ്ട്രീയപാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്? ഒരു കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കാനാകില്ല. ഞങ്ങളുടെ പാര്‍ട്ടി അഭിമാനത്തോടെയാണ് നില്‍ക്കുന്നത്. ഒരു നടപടിയും സ്വീകരിക്കാത്ത റേപ്പ് കേസിലെ പ്രതികള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ട്. പരാതി പോലും കിട്ടാതെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നടപടി എടുത്തത്. ഞങ്ങളുടെ സംഘടനയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല. അത്രയും ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എല്ലാവര്ക്കും ഒറ്റ സ്വരമാണ്. പാര്‍ട്ടിയുടെ നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പ് അജണ്ടയില്‍ നിന്നും മാറ്റാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ വികാരം മാറ്റാന്‍ നടക്കുത്തുന്ന ശ്രമമാണിത്. സംഘടനാപരമായ നടപടിയെ പാര്‍ട്ടിക്ക് എടുക്കാനാകാകൂ. മറ്റു നടപടികള്‍ പൊലീസാണ് സ്വീകരിക്കേണ്ടത്. കേസ് എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
നേരത്തെ ഇ.ഡി കേസുണ്ടായിട്ടും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് നല്‍കിയത് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കുന്നു എന്നാണ് പറഞ്ഞത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇ.ഡി പിടി അയയ്ക്കുമെന്ന് അന്ന് ഞാന്‍ പറഞ്ഞതാണ്. അതു തന്നെയാണ് സംഭവിച്ചത്. അതുപോലെ തിരഞ്ഞെടുപ്പ് കാലത്തുള്ള പിടി മാത്രമാണിത്. ബി.ജെ.പി ഇതര സര്‍ക്കാരുള്ള സ്ഥലങ്ങളില്‍ എല്ലാവരെയും വേട്ടയാടുന്ന ഇ.ഡി കേരളത്തെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവിടെ ഒരു കേസും എടുക്കില്ല. ഇവിടെ പേടിപ്പിക്കല് മാത്രമെയുള്ളൂ. നേരത്തെ അയച്ച നോട്ടീസും കരുവന്നൂര്‍ കേസും എവിടെ പോയി? മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് എന്തായി. രാഷ്ട്രീയമായി ഇ.ഡി ഉപയോഗിക്കുമ്പോഴാണ് കേരളത്തില്‍ മാത്രം ഒരു കേസുമില്ലാത്തത്. മസാല ബോണ്ടില്‍ അഴിമതി നടന്നിട്ടുണ്ട്. 2150 കോടി എടുത്തിട്ട് 1045 കോടിയാണ് അഞ്ച് വര്‍ഷം കൊണ്ട് പലിശ നല്‍കിയത്. 9.72 ശതമാനത്തിന് എടുത്ത പണം 6 ശതമാനം പലിശയ്ക്ക് ബാങ്കില്‍ ഇട്ടു. അതിലും എത്ര കോടി രൂപ നഷ്ടം വരുത്തി. അന്താരാഷ്ട്ര തലത്തിലും ഒരു ശതമാനത്തിനും രണ്ടു ശതമാനത്തിനും വായ്പ ലഭിക്കുന്ന കാലത്താണ് ലാവലിന്‍ ബന്ധമുള്ള സിഡിപിക്യുവില്‍ പോയി ലോണ്‍ എടുത്തത്. കൊടിയ അഴിമതിയാണ്. എന്നിട്ടാണ് ലണ്ടന്‍ സ്റ്റോക് എക്സേഞ്ചില്‍ മണിയടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു പറഞ്ഞത്. അവിടെ ലിസ്റ്റ് ചെയ്യുന്ന എല്ലാ കമ്പനികളുടെ എം.പിമാര്‍ക്ക് മണിയടിക്കാം. മുഖ്യമന്ത്രിയെന്ന നിലയിലല്ല, ക്ഫ്ബി ചെയര്മാന് എന്ന നിലയിലാണ് മണിയടിച്ചത്. എത്ര ലക്ഷം രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടാക്കിയത്. ഭരണഘടനാ വിരുദ്ധമായി ലോണ്‍ എടുത്തതില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ കേസെടുക്കേണ്ടതാണ്. നടപടി എടുക്കേണ്ട അഴിമതി നടന്നിട്ടുണ്ട്.
മുഖ്യമന്ത്രി പുതിയ കാറ് വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷെ ഖജനാവിന്റെ സ്ഥിതി ആലോചിക്കണം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള സമയമാണ്. ആശുപത്രികളില്‍ മരുന്നും പഞ്ഞിയും ശസ്ത്രക്രിയ ഉപകരണങ്ങളുമില്ല. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് നല്‍കാത്തതിനെ തുടര്‍ന്ന് അവര്‍ പഠനം നിര്‍ത്തുകയാണ്. പരിതാപകരമായ അവസ്ഥയിലാണ് കേരളം. പത്ത് മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. സാമ്പത്തിക ബാധ്യതയില്‍ ഉഴലുന്ന സമയത്ത് ഇത്തരം ഒരു തെറ്റായ സന്ദേശം നല്കാന് പാടില്ലായിരുന്നു. മുണ്ട് മുറുക്കി ഉടുക്കണമെന്ന് ധനകാര്യമന്ത്രി പറഞ്ഞിട്ട് 48 മണിക്കൂര്‍ ആയില്ല. ജനങ്ങള്‍ മാത്രം മുണ്ട് മുറുക്കി ഉടുത്താല്‍ മതിയോ.
സാധാരണ ഉണ്ടാകുന്നതിന്റെ പത്തിലൊന്ന് റിബല്‍ യു.ഡി.എഫിനില്ല. എന്നാല്‍ പതിവിന് വിപരീതമായി സി.പി.എമ്മിന് കേരളം മുഴുവന്‍ റിബലാണ്. ദേശാഭിമാനിയിലെ ജീവനക്കാരന് പോലും റിബലാണ്. നോമിനേഷന് നല്കിയ ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുകയാണ്. അതൊന്നും കോണ്‍ഗ്രസില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.