
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിലെ എസി പ്ലാന്റിലാണ് തീപിടിച്ചത്. ബ്ലോക്കില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ അടുത്തുള്ള നിലകളില്‍ നിന്നുള്ള രോഗികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ തീയണക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംവിധാനങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി. തീ കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാല്‍, തീപിടിത്തം ഉണ്ടായ സ്ഥലത്ത് നിന്ന് ഭീതിപ്പെടുത്തുന്ന രീതിയില്‍ കനത്ത പുകച്ചുരുള്‍ ഉയര്‍ന്നിരുന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
തീപിടിത്തം ഉണ്ടായ ഒമ്പതാം നില രോഗികളില്ലാത്ത ഭാഗമായിരുന്നു. അവിടെ നിര്‍മ്മാണ ജോലികള്‍ ചെയ്യുന്ന ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചതെന്നും, അല്‍പ്പസമയം മുമ്പാണ് തീപിടിത്തം ഉണ്ടായതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയതും ഉടന്‍ തന്നെ അടുത്ത നിലകളിലെ രോഗികളെ പുറത്തേക്ക് മാറ്റാന്‍ സഹായിച്ചതും.