ചികിത്സാ നിഷേധം പാടില്ല; ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

Jaihind News Bureau
Wednesday, November 26, 2025

കൊച്ചി: രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകളില്ലാത്തതോ ചികിത്സ നിഷേധിക്കുന്നതിന് കാരണമാകരുതെന്ന് ഹൈക്കോടതി. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ആശുപത്രികള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് ആശുപത്രി ഉടമകളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

രോഗികളുടെ അവകാശങ്ങള്‍ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം എന്നതാണ് ഹൈക്കോടതിയുടെ പ്രധാന നിര്‍ദ്ദേശം. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ ഉടന്‍ പരിശോധിക്കണം, പണമോ രേഖകളോ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്, തുടര്‍ച്ചികിത്സ ആവശ്യമാണെങ്കില്‍, രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്വം പ്രാഥമികമായി പ്രവേശിപ്പിച്ച ആശുപത്രിയുടേതാണ്, ആശുപത്രി സേവനങ്ങള്‍, ചികിത്സാ നിരക്കുകള്‍ എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം, ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിവരങ്ങളും യോഗ്യതയും സര്‍ക്കാരിന് കൈമാറണം, ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് രോഗിയുടെ പരിശോധനാ ഫലങ്ങളെല്ലാം കൃത്യസമയത്ത് കൈമാറണം തുടങ്ങിയവയാണ് കോടതി മുന്നോട്ടുവെച്ച പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഓരോ ആശുപത്രിയിലും ഒരു പരാതി പരിഹാര ഡെസ്‌ക് നിര്‍ബന്ധമായി ഉണ്ടായിരിക്കണം. ലഭിക്കുന്ന പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം എന്നും ഹൈക്കോടതി വ്യക്തമാക്കി.

2018-ല്‍ നിലവില്‍ വന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനെതിരെയായിരുന്നു ആശുപത്രി മാനേജ്മെന്റുകള്‍ ആദ്യം സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ആ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ അപ്പീലുകളാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ 30 ദിവസത്തിനകം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.