കണ്ണൂര്‍ ബി.എല്‍.ഒയുടെ ആത്മഹത്യ: സി.പി.എം ഭീഷണിയെന്ന് പരാതി നല്‍കിയ ആളുടെ മൊഴിയെടുക്കാതെ പൊലീസ്; അന്വേഷണം മന്ദഗതിയില്‍

Jaihind News Bureau
Monday, November 24, 2025

പയ്യന്നൂര്‍: ഏറ്റുകുടുക്കയിലെ ബി.എല്‍.ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ പൊലീസ്. അനീഷ് ജോര്‍ജിന് സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ ബി.എല്‍.ഒ വൈശാഖിന്റെ മൊഴി പോലും ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. പെരിങ്ങോം പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.

മൊഴിയെടുക്കുന്നതില്‍ വീഴ്ച അന്വേഷണത്തിന്റെ ഭാഗമായി അനീഷിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അനീഷ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് തന്നെ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെക്കുറിച്ചും സമ്മര്‍ദ്ദത്തെക്കുറിച്ചും വൈശാഖ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഈ വിവരങ്ങള്‍ നല്‍കിയ വൈശാഖിനെ അന്വേഷണ സംഘം ഇതുവരെ സമീപിക്കാത്തത് ദുരൂഹമാണ്.

പുറത്തുവന്ന ശബ്ദരേഖകള്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയാണ് അനീഷിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സി.പി.എം ബി.എല്‍.എ ആയ റഫീക്ക്, അനീഷിനെ ഭീഷണിപ്പെടുത്തുന്നതാണ് ഇതിലൊന്ന്. കൂടാതെ, കോണ്‍ഗ്രസ് ബി.എല്‍.എ ആയ വൈശാഖിനോട് താന്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് അനീഷ് സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

സി.പി.എം പ്രതിരോധത്തില്‍ കാങ്കോള്‍ – ആലപ്പടമ്പ് പഞ്ചായത്തില്‍ അനീഷിന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് പോലീസ് അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നതെന്ന ആരോപണം ഇതോടെ ശക്തമായി. ഏഴ് ദിവസം മുന്‍പാണ് ബി.എല്‍.ഒ ആയ അനീഷ് ജോര്‍ജ്ജ് ജീവനൊടുക്കിയത്.