
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ശബരിമല സ്വര്‍ണക്കൊള്ള കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്നും, ഇതില്‍ നിന്ന് സി.പി.എമ്മിന് തലയൂരാന്‍ സാധിക്കില്ലെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും, മുഖ്യമന്ത്രിയുടെ ഈ മൗനം സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണം എന്ന് കേട്ടാല്‍ സി.പി.എമ്മിന്റെ കണ്ണ് മഞ്ഞളിക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നത് സ്വര്‍ണ്ണക്കടത്തായിരുന്നെങ്കില്‍, ഇപ്പോള്‍ നടക്കുന്നത് സ്വര്‍ണ്ണക്കൊള്ളയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതായും ചെന്നിത്തല ആരോപിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ ഭാവി ദിശ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇനി മന്ത്രിമാരുടെ ഊഴമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.