
ഉള്ളുരുകിയ വിടവാങ്ങലിന് സാക്ഷ്യം വഹിച്ച് മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡ്. സീറ്റ് സംവരണ മാറ്റം കാരണം വാര്‍ഡ് വിട്ടുപോകുന്ന പ്രിയ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശിക്കായി വാര്‍ഡ് നിവാസികള്‍ രാഷ്ട്രീയ ഭേദമന്യേ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് വികാരനിര്‍ഭരമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി.
അഞ്ചുവര്‍ഷക്കാലം തങ്ങളുടെ എല്ലാമായിരുന്ന കൗണ്‍സിലര്‍ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് യാത്രയയപ്പ് സമ്മേളനത്തിന് തടിച്ചുകൂടിയത്. യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കാന്‍ തുടങ്ങിയ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞു. ജനങ്ങള്‍ നല്‍കിയ നിരുപാധിക പിന്തുണയില്‍ വാചാലനായ അദ്ദേഹം, ഉഭയമാര്‍ഗം വാര്‍ഡ് വിട്ടുപോകുന്നതിലുള്ള ദുഃഖം മറച്ചുവെച്ചില്ല.
പ്രസംഗത്തിനൊടുവില്‍ വിതുമ്പലോടെ പരസ്പരം യാത്രപറഞ്ഞ കൗണ്‍സിലറും ജനങ്ങളും പൊട്ടിക്കരഞ്ഞപ്പോള്‍, ഉഭയമാര്‍ഗം വാര്‍ഡ് ആകെ കണ്ണീരണിഞ്ഞു. വാര്‍ഡ് നിവാസികള്‍ക്ക് ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ: ‘ഈ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഇനി ഇവിടേക്ക് തന്നെ തിരിച്ചു വരണം!’ പുതിയ വാര്‍ഡില്‍ മത്സരിക്കുന്നതിന് ആവശ്യമായ കെട്ടിവെക്കാനുള്ള തുക വാര്‍ഡ് നിവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തിന് കൈമാറി.
നിലവില്‍ ഉഭയമാര്‍ഗം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് കൗണ്‍സിലര്‍ക്ക് മാറേണ്ടി വന്നത്. ഇത്തവണ മത്സരിക്കുന്ന 17-ാം വാര്‍ഡ് വിനായക നഗറിലെ ജനങ്ങളും കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ജനവിധി തേടാനൊരുങ്ങുന്നത്.