സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; പയ്യന്നൂരില്‍ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Jaihind News Bureau
Friday, November 21, 2025

കണ്ണൂര്‍:  പയ്യന്നൂര്‍ നഗരസഭയില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ കമ്മിറ്റിയുടെ വാര്‍ത്ത കുറിപ്പ്. പയ്യന്നൂര്‍ നഗരസഭ 36-ാം വാര്‍ഡില്‍ സ്വതന്ത്ര നായി വൈശാഖ് പത്രിക നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

പയ്യന്നൂര്‍ നഗരസഭയിലെ 36ാം വാര്‍ഡിലാണ് വൈശാഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് (എസ്)ലെ പി ജയന്‍ ആണ് വാര്‍ഡിലെ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. പി. ജയന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സി മത്സരത്തിന് ഇറങ്ങിയത്. പാര്‍ട്ടി നിര്‍ദ്ദേശങ്ങളെയും മുന്നണി തീരുമാനങ്ങളെയും ലംഘിച്ച് മത്സരരംഗത്ത് തുടര്‍ന്നതിനെ തുടര്‍ന്നാണ് സി. വൈശാഖിനെതിരെ സി.പി.എം. നടപടി സ്വീകരിച്ചിരിക്കുന്നത്.വൈശാഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ പാര്‍ട്ടി നടപടി എടുക്കുകയായിരുന്നു. നേരത്തെ പയ്യന്നൂരിലെ സി പി എമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ താക്കീത് നേരിട്ട ആളാണ് വൈശാഖ് എന്നാണ് സി പി എം ഔദ്യോഗിക നേതാക്കളുടെ രഹസ്യമായ പ്രതികരണം.

പാര്‍ട്ടിക്കോ പാര്‍ട്ടി നയത്തിനോ താന്‍ എതിരല്ല. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടെന്നാണ് വൈശാഖിന്റെ അവകാശവാദം. പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് സ്ഥാനാര്‍ത്ഥി ആയതെന്നും വൈശാഖ് പറഞ്ഞിരുന്നു. സി പി എം ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പാര്‍ട്ടിക്ക് അകത്തെ വിഭാഗീയതയാണ് മറനീക്കി പുറത്ത് വരുന്നത്.