ശബരിമല സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിന്‍റെ മൊഴി പുറത്ത്; ഉദ്യോഗസ്ഥരെയും വാസുവിനെയും കുറ്റപ്പെടുത്തി മൊഴി

Jaihind News Bureau
Thursday, November 20, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി പുറത്തുവന്നു. ഉദ്യോഗസ്ഥരെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി. ഉദ്യോഗസ്ഥര്‍ തനിക്ക് നല്‍കിയ രേഖപ്രകാരമാണ് നടപടികളെടുത്തതെന്നാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ആറന്‍മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും വെച്ച് പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയതായി എസ്‌ഐടി പറയുന്നു. പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയാണ് ബോര്‍ഡിന് കൈമാറിയതെന്നും, ഇത് ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയായിരുന്നുവെന്നും, സര്‍ക്കാര്‍ അനുമതിയോടെയാണ് ഉത്തരവില്‍ രേഖപ്പെടുത്തിയതെന്നും പത്മകുമാറിന്റെ മൊഴിയില്‍ പറയുന്നുണ്ട്.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ. പത്മകുമാറിനെ, ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണക്കൊള്ളക്കേസിലെ ആറാമത്തെ അറസ്റ്റാണിത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പത്മകുമാറിനെ കൊല്ലം വിജി കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനായിരുന്ന അദ്ദേഹം, ദൈവത്തെപ്പോലെ കണ്ടതാരെയാണെന്ന ചോദ്യത്തിന് മറുപടിയായി ചിരിക്കുക മാത്രമാണ് ചെയ്തത്.

കട്ടിള പാളി കേസില്‍ ബോര്‍ഡിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തല്‍. കേസില്‍ എട്ടാം പ്രതിയായി എ. പത്മകുമാര്‍ അധ്യക്ഷനായിരുന്ന 2019-ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോര്‍ഡിന്റെ അറിവോടെയാണ് പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയതെന്ന് എസ്‌ഐടി തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ബോര്‍ഡ് തീരുമാനപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. 2019-ല്‍ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റ് ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയില്‍ പത്മകുമാര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ആദ്യം അന്വേഷിച്ച ദേവസ്വം വിജിലന്‍സും ബോര്‍ഡിന്റെ പങ്ക് കണ്ടെത്തിയിരുന്നു.